Saturday, December 09, 2006

എന്റെ നാടിനെ കുറിച്ച് --ഭാഗം രണ്ട്

വാവക്കാടിന്റെ ഭൌമശാസ്ത്രപരമായ പ്രത്യേകതകള്‍ വച്ചു നോക്കുമ്പോള്‍, ഒരു 700 വര്‍ഷത്തിലധികം പ്രായം ഇതിനുണ്ടെന്നു കരുതാന്‍ ന്യായമില്ല. വൈപ്പിന്‍ ദ്വീപ് കടലിന്റെ വരദാനമാണ്. അതു പോലെ തന്നെയാണ് വാവക്കാട് ഉള്‍പ്പെടുന്ന പ്രദേശങ്ങളും. കിലോമീറ്ററുകള്‍ കിഴക്കോട്ടു മാറിയുള്ള പല സ്ഥലങ്ങളില്‍ നിന്നും സമുദ്രാവശിഷ്ടങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നത്, ഈ വാദത്തിന് ശക്തി കൂട്ടുന്നു. കേരളത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ നിന്നാണ് സാധാരണക്കാരായ ജനങ്ങള്‍ വാവക്കാട്ടേക്ക് കുടിയേറിപ്പാര്‍ത്തത്. അവര്‍ സാധാരണക്കാരില്‍ സാധാരണക്കാരായിരുന്നതു കൊണ്ട്, വലിയ മനകളും, നാലുകെട്ടും, വലിയ ക്ഷേത്രങ്ങളും ഒന്നും തന്നെ നിങ്ങള്‍ക്കിവിടെ കാണാന്‍ കഴിയില്ല.

വാവക്കാട് എന്ന സ്ഥലപ്പേരു വരാന്‍ കാരണം , അത് “വാവ” കളുടെ കാടാണ്‌ എന്നതല്ല!.
പണ്ട് വാവലുകള്‍(വവ്വാല്‍ അഥവാ bat) തിങ്ങിപ്പാര്‍ത്തിരുന്ന സ്ഥലമായിരുന്നു വാവക്കാട്..മനുഷ്യര്‍ അക്കാലത്ത് വളരെ കുറവായിരുന്നു. അന്നത്തെ ആള്‍ക്കാര്‍ ആ സ്ഥലത്തിനെ വാവല്‍ക്കാടെന്നു വിളിച്ചു. അത് ലോപിച്ച് ലോപിച്ച് വാവക്കാടായി മാറി

എറണാകുളം ജില്ലയുടെ ഒട്ടു മിക്ക പ്രദേശങ്ങളും പണ്ട് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ വാവക്കാട് ഉള്‍പ്പെടുന്ന ചില പ്രദേശങ്ങള്‍ തിരുവിതാംകൂറിലാണ് ഉള്‍പ്പെട്ടിരുന്നത് .(ഞങ്ങളുടെയൊക്കെ ഹോം ടൌണ്‍ ആയ വടക്കന്‍ പറവൂര്‍ കൊച്ചി രാജ്യത്തെ ഒരു പ്രദേശമായിരുന്നു!) കൊച്ചി തിരുവിതാംകൂര്‍ അതിര്‍ത്തി എന്നു പറയുന്നത് പള്ളിപ്പുറം(മുനമ്പം) എന്ന സ്ഥലത്തായിരുന്നു. അതിര്‍ത്തി സൂചിപ്പിക്കുന്ന കല്ലിനെ പണ്ടു വിളിച്ചിരുന്നത്, “കൊ-തി(കൊച്ചി-തിരുവിതാംകൂര്‍) കല്ല് “ എന്നത്രെ.
തിരുവിതാംകൂര്‍ രാജ്യത്തിന്റെ പരിധിയില്‍ വരുന്ന, പൊതു ക്ഷേത്രങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരത്തിന്‍ കീഴിലായി മാറിയതു കൊണ്ട് വാവക്കാട് ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രവും ദേവസ്വം ബോര്‍ഡിന്റെ കീഴിലാ‍യി. ഈ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന രാജേഷ് , അബ്രാഹ്മണനും പൂജാരിയാകാം എന്ന കോടതിവിധിയുടെ പേരില്‍ പ്രശസ്തനായ ഒരാളാണ്. (“ദ ഹിന്ദു“ വില്‍ വന്ന വാര്‍ത്ത)

വാവക്കാടിന്റെ തൊഴില്‍ സംസ്കാരത്തെ കുറിച്ച് പറയുമ്പോള്‍ ആദ്യം പറയേണ്ടത്, കയറ് പിരിയെ പറ്റിയാണ്. ഒരു കാലത്ത്, കേരളത്തിലെ, ഏറ്റവും വലിയ കയര്‍ വ്യവസായ സംഘമായിരുന്നു, വാവക്കാട് കയര്‍ വ്യവസായ സഹകരണ സംഘം. നൂറ് കണക്കിന് തൊഴിലാളികള്‍ക്ക്, അല്ലലില്ലാതെ ജീവിക്കാനുള്ള കൂലി കൊടുത്തിരുന്ന സംഘമായിരുന്നു അത്. സാമ്പത്തിക രംഗത്തെ പുത്തന്‍ പരിഷ്കാരങ്ങളും, പരാജയപ്പെട്ട വൈവിദ്ധ്യവല്‍ക്കരണ നടപടികളും, വാവക്കാട്, ഈ വ്യവസായത്തിന്റെ നടുവൊടിച്ചു. പരമ്പരാഗതമയി കയര്‍ പിരി തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവര്‍ കാലക്രമേണ കള്ള് ചെത്ത് , മണലെടുപ്പ് , നിര്‍മ്മാണം, പൂനയിലെ ബേക്കറി എന്നീ വിഭാഗങ്ങളിലേക്ക് “പരിവര്‍ത്തനം” ചെയ്യപ്പെട്ടു.
നിലവില്‍ വാവക്കാട്ടെ സാമ്പത്തിക സ്ഥിതി നിര്‍ണ്ണയിക്കുന്നത്, പ്രവാസി(പ്രത്യേകിച്ചും, തൃശൂര്‍ ജില്ലക്കാരായ ഗള്‍ഫുകാര്‍) മലയാളികളാണ്, അവരുടെ വീടു പണികളാണ്.
വാവക്കാട് വായനശാലയുടെയൊക്കെ സ്വാധീനം കാരണം, സര്‍ക്കാരുദ്യോഗസ്ഥരും കുറവല്ല. അതില്‍ തന്നെ, പോലീസുകാരും അദ്ധ്യാപകരും ആണ് കൂടുതല്‍. ഈ പറഞ്ഞ എല്ലാ വിഭാഗക്കാരും വൈകിട്ട് വായനശാലയിലെത്തുമ്പോള്‍ ഒരേ തരക്കാര്‍ ആകുന്നു എന്നത് വാവക്കാടിന്റെ പുണ്യം!

(തുടര്‍ന്നേക്കാം)