Saturday, December 23, 2006

ഒരു ഓട്ടോക്കഥ

എനിക്ക് അന്ന് ഏഴ്-ഏഴര വയസ്സു കാണും..

ഈ ബജാജിന്റെ(റിയര്‍ ഇഞ്ചം) പെട്രോള്‍ ഓട്ടോറിക്ഷാസ് അത്ഭുതവും ആഡംബരവുമായ കാലം..

എന്റെ വീടിന്റെ അടുത്തേക്ക് വരാന്‍ തയ്യാറാവുന്നത് മുഴുവന്‍ ലാംബി ഓട്ടോകള്‍ ..കിണറ്റിലിറങ്ങിയ പോലെ തോന്നുന്ന ഇരിപ്പും അതിന്റെ കുലുങ്ങിയുള്ള പോക്കും എല്ലാം കൂടി ഓട്ടൊയില്‍ സഞ്ചരിക്കാനുള്ള താല്പര്യം കുറഞ്ഞു വരുന്ന സമയത്താണ് , ഈ ബജാജ്
അവതാരം

കാണാനൊരു ഗുമ്മും പിന്നെ നല്ല ഫോഞ്ചുള്ള സീറ്റും.. വന്ന് വന്ന് എപ്പോ കണ്ടാലും ഒന്നു കേറിയിരിക്കണം എന്നു തോന്നും. എന്താണാവോ, ഞങ്ങടെ സെറ്റിലെ എല്ലാവര്‍ക്കും
ഇങ്ങനെ തോന്നും!!

അവിടെക്കിടന്ന് കന്നം തിരിവ് കാണിക്കുന്ന പിള്ളേരെ പേടിച്ചാണോ അതോ റോഡിന്റെ ശോച്യാവസ്ഥയില്‍ മനം നൊന്തോ എന്തോ..ബജാജ് ഓട്ടോകള്‍ എന്റെ വീടിന്റെ
അടുത്തേക്ക് വരാന്‍ ഒന്നു മടിക്കും

അന്നൊക്കെ ഒരു ബജാജ് ഓട്ടോ എങ്ങാന്‍ വന്നാല്‍ .. പിന്നെ അതിന്മേലായി പരിപാടികള്‍ .. (മലവണ്ടു വന്നേ എന്ന സെറ്റപ്പല്ല!)
വെക്കേഷന്‍ സമയത്തൊക്കെയാണെങ്കില്‍ എല്ലാവരും കൂടി ഓട്ടോയില്‍ കയറിയിരിയ്ക്കും..

ചിലപ്പോ പരിചയക്കാരായ ഓട്ടോക്കാര്‍, അവര്‍ തിരിച്ചു പോകുമ്പോള്‍ ഒരു 200 മീറ്ററൊക്കെ ഓട്ടോയില്‍ കൊണ്ടു പോകും എന്നിട്ട് ഇറക്കി വിടും..അങ്ങനെ രസമായി കാര്യങ്ങള്‍ പോകുന്ന സമയം..

ഒരു ദിവസം രാവിലെ ഞാന്‍ എഴുന്നേറ്റു വരുന്ന സമയം.. അന്ന് ശനിയാഴ്ച.. സ്കൂളില്‍ പോവണ്ട, നാളെയും പോവണ്ട...അങ്ങനെ ഓരോന്നൊക്കെ ആലോചിച്ച് വീടിന്റെ പുറത്തിറങ്ങി
നിന്നപ്പോള്‍ അതാ “ഹൈവേയില്‍ “ ഒരു ഓട്ടോറിക്ഷ കിടക്കുന്നു !!

6616 ! സത്യന്‍ ചേട്ടന്റെ വണ്ടി ! പുള്ളിക്കാരന്റെ അമ്മാവന്റെ വീട്ടില്‍ വന്നതായിരിക്കും ! തിരിച്ചു പോകുമ്പോള്‍ എങ്ങനെയായാലും മണിച്ചേട്ടന്റെ കട വരെയെങ്കിലും കൊണ്ടു പോവാതിരിക്കില്ല.

ഇവിടെ വരെ പോകാന്‍ എന്തിനാ ഷര്‍ട്ട്? എന്തിനാ അമ്മയോടു പറയുന്നത് എന്നൊക്കെ വിചാരിച്ച് ഓട്ടോയുടെ അടുത്ത് ചെന്നപ്പോള്‍ , രണ്ട് ഗഡികള്‍ (ക:ട: വിശാലേട്ടന്‍ )
അതിനകത്ത് നേരത്തെ സ്ഥലം പിടിച്ചിരിക്കുന്നു !

ഒരുത്തന് ഷര്‍ട്ടൊക്കെയുണ്ട്..ഒരുത്തന്‍ എന്നെപ്പോലെ തന്നെ നിക്കര്‍ മാത്രം!

സത്യന്‍ ചേട്ടന്‍ വന്നു.വാത്സല്യത്തോടെ..“എന്ത്യേടാ ബാക്കി ഗഡികള്‍ ?” ഉത്തരം ഒരു വളിച്ച ചിരിയില്‍ ഒതുക്കി..ഇതിനകത്ത് യാത്ര ചെയ്യലാണല്ലോ ലക്ഷ്യം!

യാത്ര തുടങ്ങി..എന്താ ഒരു സുഖം! അ ഫോഞ്ചിന്റെ സീറ്റും ആ ഒരു ഒച്ചയില്ലായ്മേം..സത്യന്‍ ചേട്ടന്‍ കത്തിച്ച് വെച്ചിട്ടുള്ള ചന്ദനത്തിരീടെ മണോം...ആകെ ഒരു രാജകീയത !

മണിച്ചേട്ടന്റെ കട എത്തി..
ഇവിടെ വരെയൊക്കെ ഷര്‍ട്ടിടാതെ പോന്നു എന്ന് വീട്ടില്‍ അറിഞ്ഞാല്‍ ?.. ഓ.. ഇത്രയും അകലമല്ലേയുള്ളൂ..കൊഴപ്പമില്ല എന്ന് സ്വയം ആശ്വസിച്ച് ഇറങ്ങാന്നു വിചാരിച്ചപ്പോള്‍ ..
ദുഷ്ടന്‍ വണ്ടി നിര്‍ത്തണില്ല!!!

“സത്യന്‍ ചേട്ടാ ഞങ്ങള്‍ ഇവിടെ എറങ്ങിക്കോളാ..“ ഇതൊക്കെ വനരോദനമായി അവസാനിച്ചു..
“ഞാന്‍ തിരിച്ചാക്കാടാ” എന്ന മറുപടി കേട്ട ഞങ്ങള്‍ മൂവര്‍ , ആഹ്ലാദചിത്തരായി..

വണ്ടി വാവക്കാട് സെന്ററിലെത്തി..ഇവിടെ ഇറങ്ങിയാല്‍ വല്ല്യച്ഛന്റെ വീട്ടില്‍ പോകാം..
“സത്യന്‍ ചേട്ടാ ഞാന്‍ ഇവിടെ എറങ്ങിക്കോളാ ” എന്റെ സ്വാര്‍ഥത തല പൊക്കി..
“ഞാന്‍ കൊണ്ടുവിടാന്ന് പറഞ്ഞില്ലേഡാ”ആ സ്നേഹത്തിനു മുന്നില്‍ ഞാന്‍ പിന്നെയും തോറ്റു..

വണ്ടി പോയിക്കൊണ്ടിരിക്കുന്നു..സൌത്ത് ഓട്ടോ സ്റ്റാന്റിലേക്ക്..പുള്ളിക്കാരന് ആരെയെങ്കിലും അവിടെ നിന്ന് പിക്ക് അപ്പ് ചെയ്യാനുണ്ടാകും..ഓ നാലു പേര്‍ ഇതിനകത്ത് എങ്ങനെ ഇരിക്കും എന്നോര്‍ത്ത് ഞാന്‍ വ്യാകുല്‍ ആയി..

സ്റ്റാന്റ് എത്താറായപ്പോള്‍ കൂട്ടത്തില്‍ ബോധമുള്ള ഒരുത്തന്‍ കരച്ചില്‍ തുടങ്ങി..കളി കാര്യമാകുന്നുവെന്നു കണ്ട സത്യന്‍സ് വണ്ടി നിര്‍ത്തി ഇറങ്ങിക്കോളാന്‍ പറഞ്ഞു..
കുറച്ച് കഴിഞ്ഞ് ആജ്ഞാപിച്ചു..

ഒന്നേ കാല്‍ കിലോമീറ്റര്‍ ദൂരം, ഈ കാലമാടന്‍ ഞങ്ങളെ കൊണ്ടുവന്നിട്ട്, തിരിച്ച് നടന്നു പൊയ്ക്കോളാന്‍ !!

കാലത്തെ പല്ലു പോലും തേക്കാതെ, ലണ്ടനില്‍ പോകാതെ, കുളിക്കാതെ, ഒരു പന്ന കളസവും ഇട്ടു നില്‍ക്കുന്ന എന്നോട്, ഒന്നേ കാല്‍ കിലോമീറ്റര്‍ നടന്ന് വീട്ടില്‍ പോകാന്‍ !!

ഞാന്‍ ഒന്നു കരയാന്‍ നോക്കി..അഭിമാനിയായതുകൊണ്ട് പറ്റിയില്ല..

പിന്നെ എന്തു സംഭവിക്കാന്‍ ...

ദുര്‍ഗ്ഗുണ പരിഹാര പാഠശാലയില്‍ നിന്നും പരോളില്‍ ഇറങ്ങിയ പോലെ ഞങ്ങള്‍ വീട്ടിലേക്ക് വെച്ചു പിടിച്ചു

ഇതു കണ്ട ആള്‍ക്കാര്‍ എല്ലാവരും കൂടി ഒറ്റ ദിവസം കൊണ്ട് അച്ഛന്റെ മുന്‍പില്‍ ഇക്കാര്യം അവതരിപ്പിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിച്ചു പോയിട്ടുണ്ട്!