Thursday, March 08, 2007

അക്ഷരോദകം

രാവിലെ എഴുന്നേറ്റ് മൊബൈല്‍ നോക്കിയപ്പോള്‍ പുലര്‍ച്ചെ 5 മണിക്ക് കൂട്ടുകാരന്റെ മിസ്സ്‌ഡ് കോള്‍ കിടക്കുന്നു.
എന്തിനായിരിക്കും ഇത്ര വെളുപ്പിനേ വിളിച്ചത്?
തിരിച്ചു വിളിക്കുമ്പോ പ്രാര്‍ഥിച്ചു."വെറുതെയായിരിക്കണേ"

വെറുതെ വിളിച്ചതല്ലായിരുന്നു...

അതെ ഹസീന ഈ ലോകത്ത് നിന്ന് വിട പറഞ്ഞിരിക്കുന്നു..

ഫെബ്രുവരി 16-ന് മതിലകത്തു വച്ചുണ്ടായ കാര്‍ അപകടത്തില്‍ അവളുടെ എല്ലാമെല്ലാമായ ചേട്ടനും പെറ്റമ്മയും മരണമടഞ്ഞിരുന്നു..
അവള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്നെന്നും, അപകടനില തരണം ചെയ്തെന്നും പിന്നീട് അറിഞ്ഞു.

ഒരു മൂത്ത പെങ്ങള്‍..തല്ലാനും തലോടാനും കുരുത്തക്കേടുകള്‍ ഉപദേശിക്കാനും എല്ലാം എല്ലാം ഒരു പെങ്ങള്‍ ...

ജോലിസ്ഥലത്തെ പരിചയം മാത്രം..

ചെണ്ടപ്പുറത്ത് കോലു വീണാല്‍ ചേട്ടനോടൊപ്പം ചാടി പുറപ്പെടുന്ന ഹസീന..ഉത്സവപ്പാടത്ത് വച്ച് കണ്ട്, ഉറക്കെ കലപില സംസാരിച്ച് , ഇടയ്ക്കിടെ നമ്മളെ കൊഞ്ഞനം കുത്തി..അങ്ങനെ..

29 വയസ്സായിട്ടും കല്യാണം നടക്കാത്തതിന്റെ വിഷമം പുറത്തു കാട്ടാതെ നടന്നവള്‍..

അതു മാത്രമല്ല, ഒരു വിഷമവും പുറത്ത് കാട്ടാതെ എല്ലാവരോടും ചിരിച്ച് കളിച്ച് നടന്നവള്‍...

അവള്‍ ഇനി ഞങ്ങളുടെ കൂടെ ഇല്ല..

അവള്‍ക്ക് കൊടുക്കാന്‍ എന്റെ കയ്യില്‍ ഇതേ ഉള്ളൂ..

ഈ അക്ഷരോദകം...

Monday, February 12, 2007

ശ്രീനിവാസന്റെ മണ്ടത്തരങ്ങള്‍ !

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ഉജാല ഫിലിം അവാര്‍ഡ്‌സ് കാണാനിടയായി. അതില്‍ നിന്നും പ്രചോദിതനായി എഴുതുന്ന കുറിപ്പ്..

ഇത്തവണത്തെ ഏഷ്യാനെറ്റ് ഉജാല ഫിലിം അവാര്‍ഡ്‌സ് രണ്ടു ദിവസമായി, അതായത് ഇക്കഴിഞ്ഞ ശനിയും ഞായറുമായി ഏഷ്യാനെറ്റില്‍ കാണിച്ചുകൊണ്ടിരിക്കുകയായിരുന്നു. പല നല്ല പടങ്ങളും ഒഴിവാക്കി നടത്തിയ ഈ അവാര്‍ഡ് മാമാങ്കം അവസാനം കൃത്രിമ മഴ പെയ്യിച്ചു കൊണ്ടായിരുന്നു അവസാനിപ്പിച്ചത്. മഴ സീന്‍ വരെ സ്റ്റേജില്‍ കാണിച്ച ഈ അവാര്‍ഡ് നിശ എന്തുകൊണ്ടും വളരെ നല്ലതായിരുന്നു

ഏറ്റവും നല്ല നടനുള്ള അവാര്‍ഡ് നമ്മുടെ പ്രിയപ്പെട്ട നടന സാമ്രാട്ട് മോഹന്‍ലാലിനായിരുന്നു കിട്ടിയത്. കീര്‍ത്തിചക്ര എന്ന സിനിമയിലെ ഭാവാഭിനയത്തിനായിരുന്നു അവാര്‍ഡ്.

ഏറ്റവും നല്ല സിനിമയ്ക്കുള്ള അവാര്‍ഡ്, ക്ലാസ്‌മേറ്റ്സിനായിരുന്നു കിട്ടിയത്. ആ അവാര്‍ഡ് കൊടുക്കാന്‍ ശ്രീനിവാസനേയും വാങ്ങാന്‍ ലാല്‍ജോസിനേയ്യും അവതാരകര്‍ സ്റ്റേജിലേക്ക് ക്ഷണിച്ചു. ആ സമയത്ത്, (ആവശ്യമല്ലാത്ത സംസാരത്തിന് പേരു കേട്ട)നടന്‍ ജഗദീഷ് ശ്രീനിവാസനോട് ഒരു ചോദ്യം ചോദിച്ചു “സുകുമാര്‍ അഴീക്കോട് പത്മശ്രീ നിരസിച്ചു,താങ്കള്‍ക്ക് കിട്ടിയിരുന്നെങ്കില്‍ താങ്കള്‍ നിരസിക്കുമോ?” . ഉത്തരമായി“ കാശില്ലാത്ത അവാര്‍ഡായതു കൊണ്ട് നിരസിക്കും, കാശുള്ള അവാര്‍ഡായിരുന്നെങ്കില്‍ നിരസിക്കില്ല” എന്ന് വളരെ സരസമായി പറഞ്ഞതിനൊപ്പം തന്നെ “വാങ്ങിയ കാശ് തിരികെ കൊടുക്കരുതെന്ന് മോഹന്‍ലാല്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്” എന്നും കൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. അപ്പോള്‍ സ്വാഭാവികമായും ക്യാമറ സദസ്സിലിരിക്കുന്ന മോഹന്‍ലാലില്‍ന്റെ മുഖത്തേക്കു പോകുമല്ലോ. നിരവധി കോമഡി സീനുകളില്‍ നമ്മെ കോരിത്തരിപ്പിച്ച ആ മഹാനടന്‍ ശ്രീനിവാസന്റെ ചെറിയ തമാശയ്ക്കു മുന്‍പില്‍ കാഞ്ഞിരക്കുരു കടിച്ച പോലെ ഇരിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്.

അതു കഴിഞ്ഞ് മോഹന്‍ലാലിന് അവാര്‍ഡ് കൊടുക്കുന്ന സമയം വന്നു. മോഹന്‍ലാലിനേയും നല്‍കാനായി മധുവിനേയും വേദിയിലേക്ക് ക്ഷണിച്ചു.അവാര്‍ഡ് ദാനത്തിനു ശേഷം ജഗദീഷ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ മോഹന്‍ലാലിനോട് ശ്രീനിവാസന്‍ പറഞ്ഞതിനെ പറ്റിയുള്ള അഭിപ്രായം ചോദിച്ചു .അപ്പോള്‍ മഹാനടന്‍ പറഞ്ഞത് “അയാള്‍ ഇങ്ങനെ മണ്ടത്തരങ്ങള്‍ പല സ്ഥലത്തും പറയാറുണ്ട്” എന്നാണ്.

മോഹന്‍ലാലിനെ ഇത്രയും വല്ല്യ താരമാക്കിയതില്‍ ശ്രീനിവാസനുള്ള പങ്ക് ആര്‍ക്കും നിഷേധിക്കാന്‍ പറ്റില്ല. ശ്രീനിവാസന്റെ തിരക്കഥകളുടെ ബലത്തിലാണ് ഇക്കാണുന്ന ലാലേട്ടന്‍ ഉണ്ടായത്. സ്വയം ഒരു മണ്ടനായി, നായക കഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കത്തക്ക വിധത്തിലാണ് ശ്രീനിവാസന്‍ തിരക്കഥകള്‍ നിര്‍മ്മിക്കുന്നത്. അതിന്റെ ഫലമായിട്ട്, സത്യന്‍-ശ്രീനിവാസന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ നല്ല ഒരുപാട് സിനിമകളുണ്ടായി.മോഹന്‍ലാലിനെ ഒരു ആക്ഷന്‍ താരമാക്കാതെ, സാധാരണക്കാരന്റെ താരമായി മാറ്റിയത് ശ്രീനിവാസനാണെന്ന് നിസ്സംശയം പറയാം.അദ്ദേഹം സിനിമയില്‍ കാണിച്ചതും പറഞ്ഞതുമായ മണ്ടത്തരങ്ങളാണ് മോഹന്‍ലാലിനെ ഇന്നത്തെ നിലയില്‍ എത്തിച്ചത്

അങ്ങനെയുള്ള ശ്രീനിവാസന്റെ ഒരു തമാശ കേട്ടപ്പോള്‍ ഗൌരവത്തോടെ അതിനെ നോക്കുകയും അതിനെ ഒരു മണ്ടത്തരമാക്കി പറയുകയും ചെയ്യുക എന്നത് ജനലക്ഷങ്ങള്‍ ആരാധിക്കുന്ന ഒരു താരത്തിന് ചേര്‍ന്നതാണോ എന്നെനിക്കു ഒരു സംശയം.

Monday, January 22, 2007

ഉത്തരം നല്‍കൂ...

ചോദ്യം : കേരളത്തില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇപ്പോള്‍ കളിക്കുന്ന താരം ആര് ?
ക്ലൂ :
1.രണ്ടു നേരം കുളി നിര്‍ബന്ധം
2.വീട്ടില്‍ രാവിലെ തൈര് കടഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ വെണ്ണ മോഷണം അവന്‍ പതിവാക്കിയിരുന്നു
3.എതിര്‍പക്ഷത്തുള്ളവര്‍ നന്നായി കളിക്കുമ്പോള്‍ അഭിനന്ദിക്കണമെന്ന് അച്ഛനുമമ്മയും അവനെ പഠിപ്പിച്ചിട്ടുണ്ട്
(ക്ലൂകള്‍ എല്ലാം അദ്ദേഹത്തിന്റെ അമ്മ പറഞ്ഞത്)