Friday, December 08, 2006

എന്റെ നാടിനെ കുറിച്ച് --ഭാഗം ഒന്ന്

“എന്റെ നാട്” എന്നു പറയുന്നത് ബൂലോഗരില്‍ പലര്‍ക്കും ഒരു ഗൃഹാതുരത്വം പകരുന്ന വാക്കാണ്..
എനിക്കും അങ്ങനെ തന്നെ!
വാവക്കാട് എന്നു പറയുന്നത്, ലോകത്തിലെ ഏറ്റവും നല്ല സ്ഥലമാണെന്ന് പൊതുവെ ഞാന്‍ പറയില്ല. പക്ഷേ എന്നെ സംബന്ധിച്ച്, ഇതാണ് ലോകത്തിലെ ഏറ്റവും നല്ല സ്ഥലം!
കേരളത്തിന്റെ മദ്ധ്യത്തിലുള്ള ജില്ലയായ, എറണാകുളം ജില്ലയുടെ വടക്കു പടിഞ്ഞാറെ ഭാഗത്തുള്ള ഒരു കൊച്ചു ഗ്രാമമാണ് വാവക്കാട്.
എറണാകുളത്തു നിന്ന് കൊടുങ്ങല്ലൂര്‍ക്ക് പോകുന്ന വഴിയില്‍(അതായത് ദേശീയ പാത 17) വടക്കന്‍ പറവൂരൊക്കെ കഴിഞ്ഞ്, മൂത്തകുന്നം എത്തുന്നതിനു മുന്‍പ് കുര്യാപ്പിള്ളി സൌത്ത് എന്നൊരു സ്റ്റോപ്പുണ്ട്..അവിടെയിറങ്ങി 1 കി.മീ.ഉള്ളിലേക്ക് പോയാല്‍..അതെ..നിങ്ങള്‍ വാവക്കാട് എത്തിക്കഴിഞ്ഞു..
ചരിത്രങ്ങളുറങ്ങുന്ന വാവക്കാട്..
കയര്‍-കൈത്തറി തൊഴിലാളികള്‍ തിങ്ങിപാര്‍ത്തിരുന്ന നാട്..
ജീവിക്കാന്‍ ആവശ്യമായ കൂലിക്ക് വേണ്ടി നടന്ന സമരങ്ങളുടെ കഥ പറയുന്ന മണ്ണ്..

ശ്രീ നാരായണ ഗുരുവിന്റെ നിശബ്ദ വിപ്ലവങ്ങള്‍ വളരെയധികം സ്വാധീനം ചെലുത്തിയ പ്രദേശമാണ് വാവക്കാട്..ഇവിടത്തെ എസ്.എന്‍.ഡി.പി.യില്‍ വാവക്കാട്ടെ ഭൂരിപക്ഷം(ഒരു കുടുംബത്തില്‍ നിന്ന് ഒരാളെങ്കിലും) പേരും അംഗങ്ങളാണ്, അഹിന്ദു,അ‌ഈഴവന്‍ ഉള്‍പ്പെടെ..

ഇങ്ങനെ സാമൂഹ്യ മുന്നേറ്റങ്ങള്‍ക്ക് ഒരു വായനശാല കൂടാതെ കഴിയില്ലല്ലോ..അതെ ഞങ്ങള്‍ക്ക് ഒരു വായനശാലയുണ്ട്..ഗുരുദേവ മെമ്മോറിയല്‍ വായനശാല. 1954-ല്‍ സ്ഥാപിതമായ, രണ്ടു നില കെട്ടിടം സ്വന്തമായുള്ള, പതിനാറായിരത്തോളം പുസ്തകങ്ങള്‍, ഇന്റര്‍നെറ്റ് സൌകര്യങ്ങള്‍..ഇവയോടു കൂടിയ വായനശാല. വെള്ളിയാഴ്ച ഒഴിച്ച് (വെള്ളിയാഴ്ച വീനസ്സില്‍ പടം മാറും. ലൈബ്രേറിയന് അത് കാണാന്‍ പോകണ്ടെ? പണ്ടത്തെ നിയമം!) എല്ലാ ദിവസവും വൈകീട്ട് ഞങ്ങള്‍ വായനശാലയുടെ മുറ്റത്ത് വെറുതെ വെടി പറഞ്ഞിരിക്കും..ലോക കാര്യങ്ങള്‍ മുതല്‍ പുതിയതായി വാങ്ങിച്ച ചെരുപ്പിനെ കുറിച്ചു വരെ ഞങ്ങള്‍ ചര്‍ച്ച ചെയ്യും! പല പുതിയ വിവരങ്ങളും അവിടെ നിന്നും കിട്ടാറുണ്ട് എന്നത് സത്യം!
ഈ വായനശാലയിലേക്കുള്ള പുസ്തകങ്ങള്‍, സര്‍ക്കാരില്‍ നിന്നും കിട്ടുന്ന ഗ്രാന്റ് കൊണ്ടു വാങ്ങുകയും, പത്രങ്ങള്‍, ആനുകാലികങ്ങള്‍ എന്നിവ വാവക്കാട്ടെ മറ്റുള്ള സാമൂഹ്യ സ്ഥാപനങ്ങള്‍ വാങ്ങിത്തരികയും ചെയ്യുന്നു.

പിന്നെ പറയാനുള്ള ഒരു സാമൂഹ്യ സ്ഥാപനം ഗ്രാമസേവാസംഘമാണ്..മരണാനന്തര സഹായ സംഘമായി പ്രവര്‍ത്തനം ആരംഭിച്ച്, ഒരു ഗ്രാമത്തിന്റെ വളര്‍ച്ചയ്ക്ക് ഇന്ധനമേകിയ കഥയാണ് ഈ സ്ഥാപനത്തിനു പറയാനുള്ളത്. 1965-ല്‍ ആണ് ഗ്രാമസേവാ സംഘം പ്രവര്‍ത്തനം ആരംഭിച്ചത്.
ഇതില്‍ അംഗമാകാന്‍ ചെയ്യേണ്ടത്, ഒരു കുടുംബസ്ഥനാകുക എന്നതാണ്, അതായത് ഒരു കുടുംബം സ്വന്തം ചുമതലയിലുള്ള ഒരാള്‍ക്കേ ഇവിടെ അംഗത്വം ലഭിക്കൂ.(ബാച്ചിലര്‍ ക്ലബ്ബിലുള്ള എല്ലാവര്‍ക്കും വാവക്കാട്ടേക്ക് സ്വാഗതം..കല്ല്യാണം കഴിക്കാന്‍ ഒരു കാരണമായി!!)
ഓരോ അംഗത്തിനും 70 വയസ്സു കഴിഞ്ഞാല്‍ ഒരു ചെറിയ തുക പെന്‍ഷന്‍ കൊടുക്കാന്‍, 1998-ല്‍ തീരുമാനമെടുക്കുക വഴി, ഇങ്ങനെ ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ സ്ഥാപനമാകാന്‍ സംഘത്തിനു കഴിഞ്ഞു.

സില്‍മാടന്‍ (സിനിമാ നടന്‍ എന്ന് സംസ്‌കൃതത്തില്‍) ഒരാളുണ്ട് വാവക്കാട്..1950-കളില്‍ സിനിമയില്‍ എത്തി, പ്രേം നസീറിന്റെ അച്ഛനൊക്കെയായി അഭിനയിച്ച്, തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന പറവൂര്‍ ഭരതന്‍! (ഫുട്ബോള്‍ ചാമ്പ്യന്‍ എന്ന സിനിമയില്‍ നസീറിന്റെ ഫാദര്‍,മേലേപ്പറമ്പില്‍ ആണ്‍‌വീട്ടില്‍ ശോഭനയുടെ കയ്യില്‍ പിടിച്ച് തിരുമ്മുന്ന കറവക്കാരന്‍! അങ്ങനെ പല വേഷങ്ങള്‍)..അദ്ദേഹത്തെ കേരളം വേണ്ടത്ര ഗൌനിച്ചിട്ടില്ല എന്നൊരു ചെറിയ വിഷമം, ഞങ്ങള്‍ വാവക്കാട്ടുകാര്‍ക്കുണ്ട്..

(തുടര്‍ന്നേക്കാം)