എനിക്ക് ഒരു അനിയനാണുള്ളത്.. എന്നേക്കാള്‍ ഒന്നേ മുക്കാല്‍ വയസ്സിനിളപ്പം!
ചെറുപ്പത്തില്‍ അവന്റെ പ്ലസ് പോയിന്റ് എന്നു പറയുന്നത് നിറമായിരുന്നു.. (ഇപ്പോഴും!)
അന്യായ വെളുപ്പാണ്..
ഞാന്‍ കറുത്ത് കരിമുട്ടി പോലെ ഒന്നും ആയിരുന്നില്ലെങ്കിലും.. അവനോട് അസൂയ തോന്നാന്‍ മാത്രമുള്ള നിറമായിരുന്നു..
കറുപ്പിനും വെളുപ്പിനും ഇടക്കുള്ള ഒരു കളര്‍!
ആദ്യമൊക്കെ അവന്‍ എന്നേക്കാള്‍ ചെറുതായിരുന്നു.
പിന്നെ പിന്നെ അവനു പൊക്കം വച്ചു..എന്നേക്കാളും!
ഞാന്‍ അന്നും ഇന്നും കുരുട്ടടക്ക( ചെറിയ അടയ്ക്ക!)
എന്റെ അസൂയ മുഴുത്ത് പാരമ്യത്തിലെത്തി..
ഇടി, തല്ല്, ചവിട്ട് തുടങ്ങിയ കലാപരിപാടികള്‍ അനുസ്യൂതം തുടര്‍ന്നു കൊണ്ടിരുന്ന സ്കൂള്‍ കാലഘട്ടം..
ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ വീട്ടില്‍ ആകെ അനുസരിക്കാനുള്ളത് അവനാണ്..
അച്ഛനേയും അമ്മയേയും അനുസരിപ്പിക്കാന്‍ പറ്റുമോ?(ഒണ്‍ലി ഫോര്‍ ടിപ്പിക്കല്‍ മര്യാദരാമന്‍സ്)
അവനെ ഞാന്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് അനുസരിപ്പിക്കാന്‍ നോക്കുകയും, പൊക്കം വച്ചു കഴിഞ്ഞതില്‍ പിന്നെ, ഈ കുരുട്ടിന്റെ വാക്കിന് പുല്ലു വില എന്ന മട്ടില്‍ അവന്‍ പെരുമാറുകയും ചെയ്യും..പിന്നെ ഞാന്‍ അടങ്ങിയിരിക്കുമോ?
ഒരിക്കല്‍, അച്ഛനുമമ്മയും ഇല്ലാത്ത നേരത്തുള്ള ഇടികൂടല്‍ ഇല്ലാതാക്കാന്‍ വല്ല്യച്ഛന്റെ വീട്ടില്‍ കൊണ്ടു നിര്‍ത്തി.. തോരാതെ തല്ലു പിടിച്ച് അവസാനം “പിടിച്ച് മാറ്റാന്‍ വന്നില്ല” എന്ന ചീത്തപ്പേര് വല്ല്യമ്മയ്ക്ക് സമ്മാനിക്കുകയും ചെയ്തു എന്നത് ചരിത്രം
അങ്ങനെയിരിക്കെ, ഒരു ദിവസം സ്കൂള്‍ അവധി, അച്ഛനുമമ്മയ്ക്കും ഔദ്യ്യോഗിക ആവശ്യത്തിനായി എങ്ങോ പോവേണ്ടതുണ്ട്.. വല്ല്യച്ഛന്റെ വീട്ടില്‍ ആളില്ല
“തല്ലു കൂടുമോടാ?”, അച്ഛന്‍ ചോദിച്ചു
“ഹേയ്..” അതിന്റെ കൂടെ ഇല്ല എന്നര്‍ത്ഥം വരുന്ന ചുണ്ടു കൊണ്ടുള്ള ഒരു കോപ്രായവും കാണിച്ചു
“ഭക്ഷണമൊക്കെ അടുക്കളയില്‍ എടുത്ത് വച്ചിട്ടുണ്ട്.. കഴിച്ചേക്കണം”
“ഊം”
അവര്‍ പോയ ഉടനെ പല തരത്തിലുള്ള കളികള്‍ കളിക്കാന്‍ തുടങ്ങി..അവന്‍ കോമ്പസ്സ് ഒക്കെ എടുത്തുകൊണ്ടു വന്നു..
ഞാന്‍ അവനോട് ഏതോ കളിക്കാനുള്ള സാധനം എടുത്തുകൊണ്ട് വരാന്‍ പറഞ്ഞു..
അവന്റെ സ്വത്വബോധം ഉണര്‍ന്നു..”നീ പോയി എടുത്തോണ്ട് വാ” അച്ഛനുമമ്മയും ഇല്ലാത്ത സമയത്ത് എന്ത് “ചേട്ടന്‍”
ങ് ഹെ.. എന്റെ അസൂയയും ചേട്ടനാണെന്നുള്ള ബോധവും ടോപ്പിലെത്തി..
രണ്ടു തവണ കൂടി പറഞ്ഞു.. അഹങ്കാരത്തോടെ അവന്‍ ഉത്തരം ആവര്‍ത്തിച്ചു..
എനിക്ക് രക്തം ഇരച്ചു കയറി..
അവനെ ഇടിച്ചാല്‍ ഇപ്പൊ ശരിയാകില്ല.. ഞാന്‍ അവന്റെ കൈപ്പാങ്ങിലാണ് ഇരിക്കുന്നത്..
ഞാന്‍ പതുക്കെ കുറച്ചു മാറി.. ചുറ്റും നോക്കി.. ഒരു ഓടിന്റെ കഷ്ണം കണ്ടു...
പതുക്കെ അത് കയ്യിലേടുത്തു.. ഡിപ്ലോമാറ്റിക്കായി ഒന്നു കൂടി പറഞ്ഞു..അവന്‍ വര്‍ദ്ധിത വീര്യനായി മറുപടി പറയുന്നു..
എറിഞ്ഞു.. ദേഹത്ത് കൊള്ളാവുന്ന രീതിയില്‍.പക്ഷേ തലയ്കു കൊണ്ടു..
ചേട്ടന്‍ എറിഞ്ഞിട്ട് ഒരു അനിയന്റേയും തല പൊട്ടിയിട്ടില്ല.. അന്നും പൊട്ടിയില്ല..
പക്ഷേ! അവന്‍ രുദ്രനായി.. കയ്യിലിരിക്കുന്ന കോമ്പസ്സ് ഒന്നു നോക്കി..പിന്നെ എന്നേയും നോക്കി..
കോമ്പസ്സൊക്കെ എറിയുമോ? ചുമ്മാ ഷോ!!
അവന്റെ മുഖഭാവം കണ്ടപ്പോ എനിക്കു പേടിയായി.. ഇനി എറിയുമോ?
ഞാന്‍ പതുക്കെ തിരിഞ്ഞു.. ഓടാനായി..
വിത്തിന്‍ സെക്കന്‍ഡ്‌സ്.. ആ കോമ്പസ്സ് എന്റെ പുറത്തിരുന്ന് വിറക്കുന്നു..
ഈശ്വരാ കോമ്പസ്സ് എറിഞ്ഞിരിക്കുന്നു... അതും ചേട്ടന്റെ പുറത്ത്..ഞാന്‍ വീടിന്റെ മുന്‍ വശത്തേക്ക് ഓടി.. അവിടെ അഴയില്‍ ഹാംങര്‍ കിടക്കുന്നു.. ഒരു ഹാംങര്‍ ഞാന്‍ കയ്യിലെടുത്തു..
അവന്‍ പുറകേ വരുന്നുണ്ടായിരുന്നു.. അപ്പുറത്ത് ഗേറ്റിനു പുറത്ത് ഇതൊക്കെ കണ്ടു കൊണ്ട് ഞങ്ങളുടെ കൂട്ടുകാര്‍!
പിന്നെ ഇടി! ഇടിയോടിടി!
ഞാന്‍ ഹാംങര്‍ കൊണ്ടും, അവന്‍ അവന്റെ ബലിഷ്ഠമായ കൈകള്‍ കൊണ്ടും..
കൂട്ടുകാര്‍, മൂന്നു നാലു പേര്‍ ഗേറ്റിനു വെളിയില്‍, ജേതാവിനെ കണ്ടെത്താനുള്ള ചര്‍ച്ചയില്‍!!
പെട്ടെന്ന് അവന്‍ എന്നെ വട്ടം പൊക്കിയെടുത്തു..ദൈവമേ സിനിമയിലൊക്കെ കാണുന്ന പോലെ കറക്കാനാണോ? കൂട്ടുകാര്‍ നോക്കി നില്‍ക്കുന്നുണ്ട്!
ഞാന്‍ ഭൂമിക്ക് തിരശ്ചീനമായി അവന്റെ കൈകളില്‍, ഒരു മൂന്നടി പൊക്കത്തില്‍!!
അവന്‍ വേറൊന്നും ചെയ്തില്ല.. എന്നെ പിടിച്ചിരുന്ന കൈകള്‍ രണ്ടും വിട്ടു കളഞ്ഞു...
മൂന്നടി പൊക്കത്തില്‍ നിന്നും പാരലല്‍ ആയി നിലത്തേക്ക് വീണു..
കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടാന്‍ പറ്റിയില്ല.. അവനും പേടിച്ചു പോയി...
ഞാന്‍ എഴുന്നേറ്റു, അല്ല അവന്‍ പിടിച്ചെഴുന്നേല്‍പ്പിച്ചു!
പുറത്ത് കൂട്ടുകാര്‍ ആകാംക്ഷയോടെ എന്റെ ഡയലോഗിനു ചെവിയോര്‍ക്കുന്നു..
ദേഷ്യം, ചമ്മല്‍ ഇത്യാദി വികാരങ്ങളുമായി എഴുന്നേറ്റു വന്ന് എന്നെ കണ്ട്, അവന്‍ എന്തിനും തയ്യാറായി നിന്നു.
ഞാന്‍ പറഞ്ഞു:
“അച്ഛന്‍ വരുമ്പൊ പറഞ്ഞു കൊടുക്കുമെടാ“