ഞായറാഴ്ച പുലര്‍ച്ചെ 3 മണിയ്ക്ക് ഞങ്ങള്‍ 8 പേര്‍ പറവൂര്‍ നിന്നും പുറപ്പെട്ടു..
ആരോഗ്യം തീരെയില്ലാത്ത ഒരുത്തനായിരുന്നതിനാല്‍ മല കയറാന്‍ പറ്റുമോ എന്ന ആശങ്ക യാത്ര പുറപ്പെടുമ്പോള്‍ തന്നെ എന്നെ ബാധിച്ചിരുന്നു..ബാക്കി എല്ലാവരും നാലും അഞ്ചും പ്രാവശ്യം പോയവരും, ഞാന്‍ മാത്രം കന്നി സ്വാമിയും...
എല്ലാ ക്ഷേത്രങ്ങളിലും കയറി.. ഏരുമേലിയില്‍ ചെന്നപ്പോഴാണ്, കന്നി അയ്യപ്പന്മാര്‍ പേട്ട തുള്ളണം എന്ന് ഞാന്‍ അറിയുന്നത്..മേലാസകലം പല നിറത്തിലുള്ള വര്‍ണ്ണപ്പൊടികള്‍ വാരി വിതറി..വാവരുടെ പള്ളിയെ വലം വച്ച ശേഷം.. നല്ല തമിഴ് തകില് മേളത്തില്‍ ഡപ്പാംകൂത്ത് ചുവടുകള്‍ വച്ച് ഞാന്‍ പേട്ട തുള്ളി..അവശതയായിപ്പോയി എന്നു തന്നെ പറയേണ്ടി വരും..അത്രയ്ക്ക് ഉഗ്രന്‍ ചുവടുകളാണ് വച്ചത്..
ഉച്ചയ്ക്ക് 1 മണിയോടെ പമ്പയില്‍ എത്തിച്ചേര്‍ന്നു..നല്ല ഒരു കുളി കഴിച്ചു...വെള്ളത്തിന് നല്ല തണുപ്പ്..പാപം മറിച്ചിട്ടാല്‍ പമ്പ..പാപങ്ങളെല്ലാം പമ്പ കടന്നോ ആവോ..
കുളിയുംഭക്ഷണമൊക്കെ കഴിച്ച് ഒരു രണ്ടരയോടു കൂടി മല കയറ്റം ആരംഭിച്ചു.
പണ്ട് കട്ടപ്പനയില്‍ ജോലി ചെയ്യുമ്പോള്‍ രാമക്കല്‍ മേട്ടില്‍ പോയ അനുഭവം മനസ്സിലോര്‍ത്തു..
ആ ചെറിയ മല ഒന്നു കേറിയപ്പോഴേക്കും അവശതയായ എന്റെ നിലവാരം ആലോചിച്ചു..
ഈ മല അതിലൊക്കെ വലുതാണെന്നാണ് കേട്ടിരിക്കുന്നത്..കാത്തോളണേ അയ്യപ്പാ..
ഇല്ല! ഇടക്കിടയ്ക്ക് വിശ്രമിച്ച് യാത്ര ചെയ്താല്‍ ഒരു കുഴപ്പവുമില്ല..
ഇടയ്ക്കൊക്കെ നിന്നും, ഇരുന്നും യാത്ര തുടര്‍ന്നു..
പല അയ്യപ്പന്മാരും, മാളികപ്പുറങ്ങളും(ശബരിമലയിലേക്ക് വരുന്ന സ്ത്രീ ഭക്തര്‍) അവശതയായി പല സ്ഥലങ്ങളിലും വിശ്രമിക്കുന്നതു കണ്ടു. ചിലയിടത്തൊക്കെ ഞാനും ഇരുന്നു വിശ്രമിച്ചു.
അപ്പാച്ചി മേട്ടിലെത്തിയപ്പോഴാണ് അവലോസുണ്ട എറിയുന്ന കാര്യം കൂടെയുണ്ടായിരുന്ന സ്വാമിമാര്‍ ഓര്‍പ്പിച്ചത്. എറിഞ്ഞു.. നല്ല ശക്തിയായിത്തന്നെ എറിഞ്ഞു.. പക്ഷേ ഞാന്‍ പ്രതീക്ഷിച്ച ഒരു സെറ്റപ്പായിരുന്നില്ല, അപ്പാച്ചി മേട്!.. എറിയുന്ന ഉണ്ടകളെല്ലാം നമുക്ക് കാണാവുന്ന വിധത്തില്‍ കിടക്കുന്ന ഒരു സ്ഥലമായിരുന്നു, എന്റെ മനസ്സില്‍!
ശരം കുത്തി ആല്‍ അന്നു പറയുന്നത്, ആലായിരുന്ന സ്ഥലത്തെയാണെന്നും, ഇപ്പോഴവിടെ ശരം കുത്താനുള്ള ഒരു സംവിധാനം മാത്രമേ ഉള്ളൂ എന്നും എനിക്കവിടെ ചെന്നപ്പോഴാണ് മനസ്സിലായത്!
അവിടെ ശരമൊക്കെ കുത്തി..ഞാന്‍ പിന്നെയും മല കയറാന്‍ തുടങ്ങി..
പിന്നെ ചെല്ലുന്നത് ഒരു അഞ്ച്-ആറ് മരങ്ങള്‍ കൂട്ടമായി നില്‍ക്കുന്ന, നിരപ്പായ ഒരു സ്ഥലത്താണ്.. അ സ്ഥലത്തെയാണ് മരക്കൂട്ടം എന്നു പറയുന്നത്.. അവിടെ വച്ച് വഴി രണ്ടായി പിരിയുന്നു.. ഒന്ന് വരുന്ന വഴിയും ഒന്ന് പോകുന്ന വഴിയും.. വണ്‍വേ സിസ്റ്റം.. പക്ഷേ ചില സ്വാമിമാര്‍ ഇറങ്ങാനുള്ള വഴിയിലൂടെ കയറിപ്പോയി.. നിയമങ്ങള്‍ നമുക്ക് എതിര്‍ക്കാനാണല്ലോ ഉണ്ടാക്കിയിരിക്കുന്നത്!
കോണ്‍ക്രീറ്റ് ചെയ്ത് വൃത്തികേടാക്കിയിരിക്കുന്ന വഴിയില്‍ നിന്നും, നല്ല കാനന പാതയിലേക്കാണ് ഞങ്ങള്‍ നീങ്ങിയത്..വല്യ കയറ്റമൊന്നും ഇല്ലാത്ത വഴികള്‍.. കല്ല് കാലില്‍ കൊള്ളുമ്പോഴുണ്ടാകുന്ന വേദന മാത്രം.. കല്ലും മുള്ളും കാലുക്ക് മെത്തൈ.. കുറച്ച് നടന്ന്.. അങ്ങകലെയായി ക്ഷേത്രം ദൃശ്യമായിത്തുടങ്ങി..ശരണം വിളികള്‍ ഉച്ചസ്ഥായിയിലായി..നടന്ന് നടന്ന് ദര്‍ശനത്തിനുള്ള ക്യൂവില്‍ എത്തി..സമയം ഏതാണ്ട് മൂന്നേ മുക്കാല്‍.. നാലുമണിക്ക് നട തുറക്കും..
നട തുറന്നതറിഞ്ഞത്, ജയവിജയന്മാര്‍ പാടിയ ഒരു പാട്ടു കേട്ടാണ്..ശ്രീ കോവില്‍ നട തുറന്നു..പൊന്നമ്പലത്തില്‍..പിന്നെ ക്യൂവിലൂടെ ഒഴുകി നീങ്ങാന്‍ തുടങ്ങി..പതിനെട്ടാം പടിയുടെ അടുത്തെത്തി..തേങ്ങയടിച്ചു..സ്വര്‍ണ്ണ നിര്‍മിതമായ പതിനെട്ടു പടികള്‍ കയറി ശ്രീകോവിലിനു മുന്നിലെത്തി..ക്യൂവില്‍ നിന്ന് 2 സെക്കന്റ് നേരം കലിയുഗവരദനെ കണ്ടു..പോലീസ് അയ്യപ്പന്മാര്‍ പെട്ടെന്ന് പെട്ടെന്ന് എല്ലാവരേയും മാറ്റിക്കൊണ്ടിരിക്കുന്നു..
ദര്‍ശനം കഴിഞ്ഞ് മാളികപ്പുറത്തമ്മയുടെ ക്ഷേത്രത്തിലേക്ക് നടന്നു(തൊട്ടടുത്ത് തന്നെ)
അതു കഴിഞ്ഞ്, റൂം എടുക്കാനുള്ള ക്യൂവില്‍ നിന്ന് റൂമെടുത്തു..ഒരു അഴിമതിയുടെ മണം നമുക്ക് തോന്നിപ്പോകും, അവിടത്തെ പരിപാടികള്‍ കണ്ടാല്‍!
8 പേരും റൂമില്‍ കയറിയിരുന്ന്.. ഇരുമുടികെട്ടുകള്‍ അഴിച്ച് അതിലുണ്ടായിരുന്ന പൂജാ സാധനങ്ങള്‍ ഒന്നാക്കി.. നെയ്യും എടുത്ത് ഒറ്റ പാത്രത്തിലാക്കി.
എല്ലാവരും കൂടി മാളികപ്പുറത്തമ്മയുടെ ക്ഷേത്രത്തില്‍ പോയി, പൂജാ സാധനങ്ങള്‍ അവിടെ കൊടുത്തു.
അയ്യപ്പനെ പാടിയുറക്കുന്ന “ഹരിവരാസനം” കേള്‍ക്കാന്‍ കൊതിച്ച എന്നെ, എന്റെ ഉറക്കം ചതിച്ചു കളഞ്ഞു
നെയ്യഭിഷേകം രാവിലെ 4 മണിക്കേ തുടങ്ങുകയുള്ളൂ. അതിന് ഒരാള്‍ പോയി ക്യൂ നില്‍ക്കണം , പുലര്‍ച്ചെ ഒരു മണി മുതല്‍!
നെയ്യഭിഷേകം എന്നു പറയുന്നത്.. നമ്മള്‍ കൊടുക്കുന്ന പാത്രത്തില്‍ നിന്നും അല്പം നെയ്യ് എടുത്ത് വിഗ്രഹത്തില്‍ അഭിഷേകം ചെയ്ത ശേഷം ബാക്കി നെയ്യ് നമുക്ക് തന്നെ തിരികെ തരും..
അങ്ങനെ എല്ലാ പരിപാടികളും പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കി രാവിലെ തന്നെ മലയിറങ്ങാനായിരുന്നു, ഞങ്ങളുടെ ഉദ്ദേശം..
6:30 ന് ഞങ്ങള്‍ മലയിറങ്ങാന്‍ തുടങ്ങി..ഇറക്കമാണ് കയറ്റത്തേക്കാള്‍ കഠിനം..
ചെറിയ മഴ പെയ്തിട്ടുണ്ടായിരുന്നു.. അതു കൊണ്ട് പാതയില്‍ ആകെ ചെളിയായിരുന്നു.. കല്ലും മുള്ളും ചവിട്ടി മലയിറങ്ങി..
സ്വാമി അയ്യപ്പന്‍ റോഡ് എന്നു പേരുള്ള വഴിയിലൂടെയാണ് മലയിറങ്ങിയത്! ചില സ്ഥലത്തൊക്കെ വച്ച്, കുത്തനെയുള്ള ഇറക്കത്തില്‍ ഓട്ടം നിര്‍ത്താന്‍ പറ്റുന്നുണ്ടായിരുന്നില്ല (ഓടുകയായിരുന്നില്ല, ഓടിപ്പോകുകയായിരുന്നു, ഇറക്കം കാരണം)
അവസാനം പമ്പയിലെത്തി ഒരു ദീര്‍ഘനിശ്വാസം വിട്ടു!