Monday, November 27, 2006

ഒരു ഒന്നാം ക്ലാസ്സ് കഥ

അംഗന്‍വാഡിയെല്ലാം കഴിഞ്ഞ്‌ ഉപരി പഠനത്തിന്‌ പോകാന്‍ തയ്യാറെടുത്തു കൊണ്ടിരിക്കുന്ന സമയം.

അച്ഛനും അമ്മയും നാട്ടിലില്ല..
ഗള്‍ഫിലൊന്നുമല്ല..അച്ഛന്‍ മലപ്പുറത്തും അമ്മ ആലപ്പുഴയിലും..
ജോലി അവിടൊക്കെയായിരുന്നു രണ്ടു പേര്‍ക്കും.. ഞാന്‍ ഇതിനു രണ്ടിനും മദ്ധ്യേ എറണാകുളം ജില്ലയിലും..

സ്കൂളില്‍ പോകാനുള്ള സാമഗ്രികളെല്ലാം അമ്മാവന്‍ സംഭാവന

പുതിയ ബാഗ്‌ ഇല്ലായിരുന്നു.. പകരം അലൂമിനിയത്തിന്റെ, രണ്ട്‌ കൊളുത്തൊക്കെയുള്ള ഒരു പെട്ടി..പുതിയ കൊട..എല്ലാം തകര്‍പ്പന്‍..എന്നാലും പെട്ടിയുടെ ഒരു വല്ലായ്മ ഉണ്ടായിരുന്നു.. അന്നും ആരോഗ്യമില്ലല്ലോ..

ഞാന്‍ നല്ല ഒരു പഠിപ്പുകാരനായിരുന്നു പണ്ട്‌.. എന്നു വച്ചാല്‍ എ.ബി.സി. ഡി യൊക്കെ അംഗന്‍വാഡിയില്‍ പഠിക്കുമ്പോള്‍ വെറുതെ പുട്ടു പോലെ ചൊല്ലും! 100 വരേയൊ മറ്റൊ നല്ല ഞെരിപ്പായിട്ട്‌ എണ്ണും..മുഖ്യമന്ത്രിയാര്‌? ദാ വരുന്നു ഉത്തരം : കര്‌ണാരന്‍..

അങ്ങനെ വെളുത്ത നിറവും, ചുരുണ്ട മുടിയും, വിവരവും..പിന്നെ ഇംഗ്ലീഷും ഒക്കെയായി അയല്‍പക്കത്തെ അമ്മമാര്‍ക്ക്‌ എന്റെ അമ്മയോട്‌ അസൂയ തോന്നിയ ഒരേ ഒരു കാലഘട്ടം!

ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നു..ആദ്യത്തെ ദിവസം അമ്മാവനു മുഴുവന്‍ ദിവസവും അവിടെ തന്നെ നിക്കേണ്ടി വന്നു..പുതിയ കൂട്ടുകാര്‍..തല്ലാന്‍ വടിയുമൊക്കെയായി വരുന്ന ടീച്ചര്‍മാര്‍(മോണ്ടിസ്സോറി..മാങ്ങാത്തൊലി!) അങ്ങനെ എല്ലാം കൊണ്ടും അടിപ്പനായി പോകുന്നു..

പക്ഷേ എനിക്കൊരു കൊഴപ്പം ഉണ്ടായിരുന്നു, ടീച്ചര്‍മാര്‍ എന്തു പഠിപ്പിക്കുമ്പോഴും..ഇതു കൊറെ കണ്ടതാ.. എന്ന ഭാവം..ഞാന്‍ ഒട്ടു മിക്ക കാര്യങ്ങളും പഠിച്ചു കഴിഞ്ഞ ആളല്ലേ?

എന്റെ അച്ഛന്‍ പെങ്ങള്‍ അവിടെ ടീച്ചറായിരുന്നതു കൊണ്ട്‌ മറ്റു ടീച്ചര്‍മാര്‍ ആ ഒരു സ്നേഹമൊക്കെ തന്നിരുന്നു..

അങ്ങനെ ഓണപ്പരീക്ഷ വന്നു..
ഒന്നാം ക്ലാസ്സിലൊക്കെ എഴുത്തല്ല, വാചാ പരീക്ഷയാണല്ലോ..

പരീക്ഷയായിട്ട്‌ എന്നെ പ്രത്യേകിച്ച്‌ പഠിപ്പിക്കാനൊന്നും ആരും മെനക്കെട്ടില്ല.. ആവശ്യമില്ലല്ലോ.!!

ടീച്ചര്‍മാര്‍ ചോദിക്കുന്നൂ, ശട ശടേന്ന് ഉത്തരങ്ങള്‍ പായുന്നു.. ടീച്ചര്‍മാര്‍ എന്നെ കണ്ണു വെയ്ക്കുന്നു!!

അങ്ങനെ മേരി ടീച്ചര്‍ ചോദ്യം ചോദിച്ച പരീക്ഷ വന്നെത്തി..
ആദ്യം രണ്ടു മൂന്നു ചോദ്യത്തിനൊക്കെ പട പടേന്ന് ഉത്തരം പറഞ്ഞു..
അടുത്ത ചോദ്യം "നിന്റെ രക്ഷാകര്‍ത്താവ്‌ ആര്‌?"

ങ്‌ഹേ!! എന്ത്‌? ആര്‌ ഇത്യാദി ചോദ്യങ്ങള്‍ എന്റെ മനസ്സിലൂടെ തലങ്ങും വിലങ്ങും ഓടി.

ആദ്യമായിട്ട്‌ കേള്‍ക്കുന്ന വാക്ക്‌..

മേരി ടീച്ചര്‍ എന്നെയൊന്ന് ഇരുത്താന്‍ എടുത്തിട്ടതാണോ ഇത്‌? എന്നെനിക്ക്‌ പിന്നീട്‌ തോന്നിയിട്ടുണ്ട്‌

അറിയാവുന്ന ഉത്തരങ്ങളുടെ ലിസ്റ്റെടുത്തു..കര്‌ണാരന്‍? ശ്ശേ ശരിയാവില്ല.. ഒരു ചേര്‍ച്ചയില്ല..
പിന്നെ അറിയാവുന്ന പേരുകള്‍ വളരെ കുറവ്‌.

എന്റെ മലയാളം ലോജിക് ഉണര്‍ന്നു..

ര ക്ഷ ഈ അക്ഷരങ്ങള്‍ വച്ച്‌ ഞാന്‍ വേറൊരു പേര്‌ കേട്ടിട്ടുണ്ടായിരുന്നു.. അതു വച്ച്‌ താങ്ങി..

“രക്ഷാകര്‍ത്താവ്‌..രക്ഷാകര്‍ത്താവ്‌...

രാക്ഷസന്‍...

മേരി ടീച്ചര്‍ എന്റെ മുഖത്തേക്ക്‌ സൂക്ഷിച്ചു നോക്കി.. പിന്നെ ചിരിക്കാന്‍ തുടങ്ങി..

എന്റെ അച്ഛന്‍ പെങ്ങള്‍ വന്ന് എന്നാലും..നീ എന്ന മട്ടില്‍ ചിരിച്ചു..

ഞാനാണെങ്കില്‍ മാര്‍ക്ക്‌ കുറഞ്ഞതിന്റെ റീസണ്‍സ്‌ എല്ലാവരോടും പറഞ്ഞു നടന്നു..എന്റെ കുറ്റമല്ല എന്നു സ്ഥാപിക്കാന്‍..

കേട്ടവര്‍ കേട്ടവര്‍ ചിരിച്ചു.ആ മാസം തന്നെ ആ സ്കൂള്‍ വിട്ട്‌ ഞാന്‍ വേറെ സ്കൂളില്‍ ചേര്‍ന്നു.. സ്കൂളാത്രെ സ്കൂള്‌!